അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്. സുപ്രീം കോടതിയും ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും മൂന്ന് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ കേരള ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിക്കായുള്ള തെരച്ചിൽ ക്രൈംബ്രാഞ്ച് വിപുലമാക്കിയത്.
ജസ്റ്റിസ് എ. ബദറുദ്ദീനാണ് കേസിൽ പൊ ലീസിന്റെ മെല്ലെപ്പോക്ക് നയത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി, പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് രണ്ട് നീതിയാണോ എന്ന് ആരായുകയും കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാകുമെന്ന് വിമർശിക്കുകയും ചെയ്തു. പ്രതിയെ പിടികൂടാത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം അന്വേഷണ ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷിനാണെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
സുപ്രീംകോടതി ജഡ്ജിമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ജൂലൈ 13-ന് റാമിന്റെ ജാമ്യാപേക്ഷ തള്ളിയത്. ക്ലാസ് മുറിയിൽ സഹപാഠികളുടെ മുന്നിൽ വെച്ച് നിതിൻ രാജിനെ അധ്യാപകൻ അപമാനിച്ച രീതി തികച്ചും മനുഷ്യത്വരഹിതമായിരുന്നുവെന്നും അന്ന് തന്നെ കോളേജ് നടപടിയെടുത്തിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
ഡോ. റാം ആന്ധ്രാപ്രദേശിലെ ചിറ്റൂരിലോ ബംഗളൂരുവിലോ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവിലെ ഇയാളുടെ ബന്ധുക്കളുടെ ഫ്ലാറ്റിലും ആന്ധ്രാപ്രദേശിലും ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. റാമിന്റെ സഹോദരൻ ആന്ധ്രയിലെ പ്രാദേശിക രാഷ്ട്രീയ നേതാവായതിനാൽ ഇയാൾക്ക് ഒളിവിൽ കഴിയാൻ പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് കാരണം കൃത്യമായ ഒളിസങ്കേതം കണ്ടെത്താൻ അന്വേഷണ സംഘത്തിന് പ്രയാസം നേരിടുന്നുണ്ട്.
കഴിഞ്ഞ ഏപ്രിൽ 10-നാണ് അധ്യാപകരിൽ നിന്നുള്ള കടുത്ത ജാതി അധിക്ഷേപങ്ങളെയും മാനസിക പീഡനങ്ങളെയും തുടർന്ന് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി നിതിൻ രാജിന്റെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിൽ കണ്ടിരുന്നു. പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ആക്ഷൻ കൗൺസിലും രംഗത്തുണ്ട്.