ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി എറണാകുളം സബ് ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രഞ്ജിത്തിന് ഇന്ന് നിർണ്ണായക ദിനമാണ്. ജാമ്യാപേക്ഷയ്ക്കൊപ്പം തന്നെ, രഞ്ജിത്തിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടണമെന്ന പൊലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
അന്വേഷണവുമായി രഞ്ജിത്ത് പൂർണ്ണമായി സഹകരിക്കുന്നില്ലെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് പൊലീസിന്റെ വാദം. നിലവിൽ മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവെക്കൽ, അശ്ലീല ആംഗ്യം കാണിക്കൽ എന്നീ നാല് വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ച പരാതിക്കാരിയായ നടിയുടെ പ്രകടനം മോശമായതിനാൽ പല രംഗങ്ങളും വെട്ടിമാറ്റേണ്ടി വന്നിരുന്നു. ഇതിലുള്ള വ്യക്തിവൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
നേരത്തെ ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന കാരവാനിൽ ഉൾപ്പെടെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ കേസിൽ നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തത് പൊലീസിന് വെല്ലുവിളിയായിട്ടുണ്ട്. മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ പുറത്തുവന്ന ഈ വിവാദം വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.