Share this Article
News Malayalam 24x7
നിതിൻ രാജിൻ്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
Youth Commission Files Case Following Allegations Against Professor

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോളേജിലെ അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളാണ് നിതിന്റെ മരണത്തിന് കാരണമായതെന്ന സഹപാഠികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കോളേജിലെ അധ്യാപകനായ ഡോ. റാം നിതിനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. നിതിനെതിരെ മോശം ഭാഷ ഉപയോഗിക്കുകയും നിരന്തരം ബോഡി ഷേമിംഗിന് ഇരയാക്കുകയും ചെയ്യുന്നത് ഡോ. റാമിന്റെ പതിവായിരുന്നുവെന്നും വിദ്യാർത്ഥികൾ മൊഴി നൽകി. സംഭവത്തിൽ ദേശീയ പട്ടികജാതി കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നൽകിയ പരാതിയെത്തുടർന്നാണ് കമ്മീഷൻ ഇടപെട്ടത്. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഡിജിപിയോട് കമ്മീഷൻ ആവശ്യപ്പെട്ടു.


അതേസമയം, നിതിന്റെ മരണത്തിന് പിന്നിൽ ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നിതിന്റെ ഫോണിൽ നിന്നും ലഭിച്ച ഭീഷണി സന്ദേശങ്ങൾ ഇതിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ വായ്പ കൃത്യമായി തിരിച്ചടച്ചിരുന്നെന്നും അധ്യാപകന്റെ ക്രൂരമായ പെരുമാറ്റമാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ നിലപാട്. നിതിന്റെ സഹോദരി രാഖിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡോ. റാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകൾ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories