ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിൽ റെയിൽവേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പനച്ചിമൂട് സ്വദേശി സുരേഷ് കുമാറാണ് കേസിലെ പ്രതി. സംഭവം നടന്ന് കൃത്യം 60-ാം ദിവസമാണ് റെയിൽവേ പൊലീസ് വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ജനറൽ കമ്പാർട്ട്‌മെന്റിന്റെ വാതിലിൽ ഇരിക്കുകയായിരുന്ന ശ്രീക്കുട്ടി എന്ന യുവതിയെ പ്രതി സുരേഷ് കുമാർ ചവിട്ടി പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ട്രെയിനിൽ പുകവലിക്കുന്നത് യുവതി ചോദ്യം ചെയ്തതിനെത്തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. ശ്രീക്കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ തള്ളിയിടാനും പ്രതി ശ്രമിച്ചിരുന്നു.
ട്രെയിനിൽ കയറുന്നതിനു മുൻപ് സുരേഷ് കുമാർ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റിയിരിക്കുകയാണ്