ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വർഷത്തിന് ശേഷം പിടിയിലായി. മലപ്പുറം അരീക്കോട് സ്വദേശി വാവൂർ കൂടംതുടി മുഹമ്മദ് ശരീഫ് ആണ് പൊലീസിന്റെ വലയിലായത്. ബംഗളൂരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
2012-ലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭാര്യ സബീന (26), മക്കളായ സാനു (5), ഷാന (2) എന്നിവരെയാണ് മുഹമ്മദ് ശരീഫ് കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങളുടെ പേരിലുള്ള ഇൻഷുറൻസ് തുക കൈക്കലാക്കാനാണ് ഇയാൾ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ഇയാൾ പിന്നീട് കോടതിയിൽ നിന്ന് ജാമ്യം നേടി ഒളിവിൽ പോവുകയായിരുന്നു.
മുഹമ്മദ് ശരീഫിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇയാൾ സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ 12 വർഷമായി വിവിധ പേരുകളിൽ പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു ഇയാൾ. സൈബർ സെല്ലിന്റെ സഹായത്തോടെയും രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഇയാളുടെ ഒളിത്താവളം ബംഗളൂരുവിൽ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
തുടർന്ന് പ്രത്യേക പൊലീസ് സംഘം ബംഗളൂരുവിലെത്തി ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയെ മലപ്പുറത്തെത്തിച്ച് കോടതിയിൽ ഹാജരാക്കും. കുറ്റകൃത്യത്തിന് ശേഷം ഇയാൾ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടോ എന്നും മറ്റാരെങ്കിലും ഇയാളെ സഹായിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.