പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചു. പ്രതികളായ പീതാംബരൻ, അനിൽ (നാലാം പ്രതി), ഗിജിൻ (അഞ്ചാം പ്രതി), അശ്വിൻ (ഏഴാം പ്രതി), സുരേന്ദ്രൻ (പതിനഞ്ചാം പ്രതി) എന്നിവർക്കാണ് ഹൈക്കോടതി പരോൾ അനുവദിച്ചത്. പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും കോൺഗ്രസ് നേതൃത്വവും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
ഒന്നാം പ്രതി പീതാംബരന് ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. സിബിഐ പ്രത്യേക കോടതി വിചാരണ പൂർത്തിയാക്കി പ്രതികളെ ശിക്ഷിച്ച് ആറ് മാസത്തിനുള്ളിൽ തന്നെ ഇത്രയധികം തവണ പരോൾ അനുവദിക്കുന്നത് അസാധാരണ നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
2019 ഫെബ്രുവരി 17-നാണ് കാസർകോട് പെരിയ കല്ല്യോട്ട് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും സി.പി.എം. ഗുണ്ടകൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സിബിഐ പ്രത്യേക കോടതി പ്രതികളായ സി.പി.എം പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾ ആരോപിച്ചു. പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ കോൺഗ്രസ് നേതൃത്വവും യു.ഡി.എഫും ശക്തമായ നിയമപോരാട്ടത്തിനും സമരപരിപാടികൾക്കും രൂപം നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.