ബെംഗളൂരുവിൽ കഫേയിൽ ജോലി ചെയ്യുന്ന മലയാളി യുവതി ക്രൂരമായ പീഡനത്തിനിരയായതായി പരാതി. സംഭവത്തിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസ് എന്ന യുവാവിനെതിരെ ബെംഗളൂരു മടിവാള പൊലീസ് കേസെടുത്തു. സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വെച്ച് ഹൈനസ് തന്നെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്.
ഈ മാസം 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാൽ കേസന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി യുവതി ആരോപിക്കുന്നു. പീഡനവിവരം അറിയിച്ച് സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിക്കാൻ പൊലീസ് ആദ്യം തയ്യാറായില്ല. തുടർന്ന് ബെംഗളൂരു ഡിസിപിക്ക് നേരിട്ട് പരാതി നൽകിയ ശേഷമാണ് മടിവാള പൊലീസ് ഒടുവിൽ കേസെടുക്കാൻ തയ്യാറായതെന്നും യുവതി വെളിപ്പെടുത്തി.
കേസ് ഒത്തുതീർപ്പാക്കാൻ മടിവാള പൊലീസ് തനിക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തിയതായും യുവതി ആരോപിച്ചു. പൊലീസ് സ്റ്റേഷനിൽ വെച്ച് തന്നെ പ്രതി തനിക്കെതിരെ കടുത്ത വധഭീഷണി മുഴക്കി. പരാതിയിൽ നിന്നും പിന്മാറിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് പ്രതി ഭീഷണിപ്പെടുത്തിയത്. പൊലീസിന്റെ ഭാഗത്തുനിന്നും പ്രതിയുടെ ഭാഗത്തുനിന്നും തനിക്ക് കടുത്ത നീതികേടാണ് നേരിടേണ്ടി വന്നതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.