ബെംഗളൂരുവിലെ മടിവാളയിൽ മലയാളി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹൈനസിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. വയനാട്ടിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, അതിക്രമത്തിന് ഇരയായ മലയാളി വിദ്യാർത്ഥിനിയുടെ പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ച മടിവാള പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർക്കെതിരെ (എസ്.ഐ) കർശന നടപടി സ്വീകരിച്ചു. ഇയാളെ സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്നും തൽക്കാലത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഈ മാസം 12-നാണ് വിദ്യാർത്ഥിനി ക്രൂരമായ പീഡനത്തിന് ഇരയായത്. തൊട്ടടുത്ത ദിവസം തന്നെ പരാതിയുമായി മടിവാള പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിക്കാൻ എസ്.ഐ തയ്യാറായില്ലെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് തന്റെ മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.
തുടർന്ന് ഡി.സി.പി-ക്ക് നേരിട്ട് പരാതി നൽകിയ ശേഷമാണ് മടിവാള പൊലീസ് ഒടുവിൽ കേസെടുക്കാൻ തയ്യാറായത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെ തുടർന്നാണ് ഇപ്പോൾ എസ്.ഐക്കെതിരെ കമ്മീഷണറേറ്റ് നടപടി സ്വീകരിച്ചിരിക്കുന്നത്.