Share this Article
News Malayalam 24x7
സ്വർണവില സർവ്വകാല റെക്കോർഡിൽ; പവന് 3,680 രൂപ വർദ്ധിച്ച് 1,13,520 രൂപയായി
Gold Price Rises Sharply

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ് നിലയിൽ. ഇന്ന് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 3,680 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,520 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് 460 രൂപയുടെ വർദ്ധനവോടെ 14,190 രൂപയാണ് ഇന്നത്തെ വില. തുടർച്ചയായ രണ്ടാം ദിവസമാണ് വിപണിയിൽ സ്വർണവിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നത്.

രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചുയരുന്നതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4,800 ഡോളറിന് മുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനുപുറമെ, ഇന്ത്യൻ രൂപയുടെ മൂല്യം കൂടുതൽ ദുർബലമാകുന്നതും സ്വർണവില വർദ്ധിക്കാൻ ഒരു കാരണമാണ്.


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ചില ഇടപെടലുകൾ ആഗോളതലത്തിൽ സാമ്പത്തിക ആശങ്കകൾക്ക് വഴിവെച്ചതാണ് സ്വർണവില വർദ്ധിക്കുന്നതിലെ പ്രധാന ഘടകം. ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട് അമേരിക്ക ഉന്നയിക്കുന്ന അവകാശവാദങ്ങൾ യൂറോപ്യൻ യൂണിയനുമായി ഒരു വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭയം നിക്ഷേപകർക്കിടയിലുണ്ട്. ഈയൊരു സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിച്ചതാണ് വില ഉയരാൻ കാരണം. കൂടാതെ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വൻകിട വ്യാപാരികൾ സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുന്നതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.


ഈ വർഷം ആരംഭിച്ച് വെറും 22 ദിവസത്തിനുള്ളിൽ സ്വർണവിലയിൽ ഏകദേശം 10 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ പ്രവണതകൾ അനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവില ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories