മഹാരാഷ്ട്രയിലെ വസായിൽ നാല് വയസുകാരനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. വസായ് സ്വദേശി സന്ദീപ് അന്തോറാം പവാറിനെയാണ് പൊലീസ് പിടികൂടിയത്. കുട്ടിയെ കാലിൽ തൂക്കിയെടുത്ത് നിലത്തടിക്കുകയും ഇരുമ്പ് കമ്പിയിൽ തലയിടിപ്പിക്കുകയും ചെയ്ത പ്രതിയുടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.
പ്രതിയായ സന്ദീപും കുട്ടിയുടെ പിതാവും തമ്മിൽ നേരത്തെ ചെറിയൊരു വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് പിഞ്ചുകുട്ടിയോട് തീർത്തതെന്ന് പൊലീസ് പറഞ്ഞു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയം അവിടെയെത്തിയ പ്രതി കുട്ടിയെ കാലിൽ പിടിച്ച് ഉയർത്തി തല നിലത്തടിക്കുകയായിരുന്നു. അതിനുശേഷം കുട്ടിയെ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു.
കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മുത്തശ്ശിയെയും സന്ദീപ് ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.