കുംഭമേളയിൽ പങ്കെടുത്ത് സോഷ്യൽ മീഡിയയിൽ വൈറലായ മധ്യപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയുടെ വിവാഹം നിയമക്കുരുക്കിലേക്ക്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ഭർത്താവിനെതിരെ പോക്സോ (POCSO) നിയമപ്രകാരവും പട്ടികവർഗ പീഡന വിരുദ്ധ നിയമപ്രകാരവും മധ്യപ്രദേശ് പൊലീസ് കേസെടുത്തു.
വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും വെറും 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ദേശീയ പട്ടികവർഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് പോലീസിന്റെ നടപടി. കേരളത്തിൽ വെച്ച് നടന്ന വിവാഹത്തിനായി പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് കാണിക്കുന്ന വ്യാജ ജനന സർട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. ഈ വ്യാജ രേഖ ചമയ്ക്കാൻ സഹായിച്ചവരെയും കേസിൽ പ്രതികളാക്കുമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, തങ്ങളുടെ വിവാഹത്തെ വീട്ടുകാർ എതിർക്കുന്നുവെന്നും വധഭീഷണിയുണ്ടെന്നും ആരോപിച്ച് പെൺകുട്ടിയും കാമുകനും തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു. മധ്യപ്രദേശിൽ നിന്ന് ഒളിച്ചോടി എത്തിയ ഇവർ പിന്നീട് കേരളത്തിൽ വെച്ച് വിവാഹിതരാകുകയായിരുന്നു. എന്നാൽ പെൺകുട്ടി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആളായതിനാലും പ്രായപൂർത്തിയാകാത്തതിനാലും കേസ് ഗൗരവകരമായ നിയമനടപടികളിലേക്ക് നീങ്ങുകയാണ്.