Share this Article
News Malayalam 24x7
അധ്യാപകര്‍ ഒളിവില്‍; പ്രതികളായ ഡോ. റാം, സംഗീത എന്നിവര്‍ക്കായി അന്വേഷണം
olice Search for Accused Teachers Dr. Ram and Dr. Sangeetha

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ അധ്യാപകർ ഒളിവിൽ തുടരുന്നു. എച്ച്.ഒ.ഡി ഡോക്ടർ റാം, അധ്യാപിക ഡോക്ടർ സംഗീത എന്നിവർക്കെതിരെയാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.

നിതിനെ അധ്യാപകർ ജാതീയമായി അധിക്ഷേപിച്ചിരുന്നതായി സഹോദരി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തത്. മരണത്തിന് ശേഷവും അധ്യാപകർ നിതിനെതിരെ മോശം പരാമർശങ്ങൾ തുടരുന്നതായി മറ്റ് വിദ്യാർത്ഥികളും ആരോപിക്കുന്നു.


ഒളിവിൽ പോയ അധ്യാപകരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവരെ എത്രയും വേഗം പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ, ഡോക്ടർ റാമിനെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിട്ടുള്ളതായും ഇയാൾ മുൻപ് സസ്പെൻഷനിലായിട്ടുള്ള വ്യക്തിയാണെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.


കേസ് അട്ടിമറിക്കാൻ ലോൺ ആപ്പ് ഭീഷണി എന്ന പുതിയ ആരോപണം ഉന്നയിക്കുന്നതായി നിതിന്റെ കുടുംബം സംശയിക്കുന്നു. നിതിന്റെ ഫോണിൽ നിന്നും ലോൺ ആപ്പുമായി ബന്ധപ്പെട്ട ചില ചാറ്റുകൾ കണ്ടെടുത്തിരുന്നു. എന്നാൽ ഇത് അധ്യാപകരുടെ പങ്കിൽ നിന്ന് ശ്രദ്ധ തിരിക്കാനാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.


വിഷു അവധിക്ക് ശേഷം കൂടുതൽ വിദ്യാർത്ഥികളുടെയും കോളേജ് മാനേജ്‌മെന്റിന്റെയും മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. കെ.എസ്.യു, എസ്.എഫ്.ഐ, എം.എസ്.എഫ്, എ.ബി.വി.പി തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories