മഹാരാഷ്ട്രയിൽ യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചന കുറ്റത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രതികളുടെ ശ്രമം. കേസിൽ അറസ്റ്റിലായ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ലാൽ ചൗധരിയും പരസ്പരം കുറ്റപ്പെടുത്തി തടിയൂരാൻ ശ്രമിക്കുകയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും പൊലീസിന് നൽകിയിരിക്കുന്നത് പരസ്പരവിരുദ്ധമായ മൊഴികളാണ്.
താൻ കൊലപാതകത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതാണെന്നും എന്നാൽ തന്നെ ഇതിന് നിർബന്ധിച്ചത് സിയയാണെന്നുമാണ് കാമുകൻ ചേതൻ ലാൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ കൊലപാതകം പൂർണ്ണമായും കാമുകന്റെ മാത്രം ആസൂത്രണമാണെന്നാണ് സിയയുടെ വാദം. ചേതനൊപ്പം ഒളിച്ചോടി വിവാഹം കഴിക്കാൻ മുൻപ് പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് കുടുംബത്തിന്റെ മാനം കരുതി താൻ പിന്മാറിയിരുന്നു. കേതനെ വിവാഹം കഴിക്കാൻ തനിക്ക് താല്പര്യമില്ലെന്ന് നേരിട്ട് പറഞ്ഞിരുന്നുവെന്നും എന്നാൽ ചേതൻ കൊലപാതകവുമായി മുന്നോട്ട് പോവുകയായിരുന്നു എന്നും സിയ മൊഴി നൽകി.
ഈ മാസം 14-ന് കേതനെ വധിക്കാൻ പ്രതികൾ നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ ട്രെക്കിംഗിന് കൊണ്ടുപോയി 3000 അടി ഉയരമുള്ള മലയിടുക്കിൽ നിന്ന് താഴേക്ക് തള്ളിയിട്ടാണ് കേതനെ കൊലപ്പെടുത്തിയത്. കേസിൽ തന്റെ മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവളെ തൂക്കിക്കൊല്ലാൻ മടിക്കരുതെന്നാണ് സിയയുടെ കുടുംബം പ്രതികരിച്ചത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.