ആറ്റുകാലിൽ ഗാർഹിക പീഡനത്തെ തുടർന്ന് 27-കാരിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിനിയായ ആരതിയാണ് കഴിഞ്ഞ ദിവസം ആറ്റുകാലിലെ വാടകവീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തത്. അതുലിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റവും ഗാർഹിക പീഡന നിരോധന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി ആറ് മാസം മുൻപാണ് ഇവർ ആറ്റുകാലിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ അതുൽ ആരതിയെ നിരന്തരമായി ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്. താൻ നേരിടുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ചും ശരീരത്തിലേറ്റ പരിക്കുകളെക്കുറിച്ചും ചിത്രങ്ങൾ സഹിതം ആരതി തന്റെ അമ്മയോട് പങ്കുവെച്ചിരുന്നു. എന്നാൽ മറ്റ് ബന്ധുക്കളോട് ഈ വിവരങ്ങൾ ഒന്നും തന്നെ പറഞ്ഞിരുന്നില്ല.
വിവാഹസമയത്ത് ആരതിക്ക് നൽകിയിരുന്ന 50 പവനിലധികം സ്വർണം അതുൽ വിൽക്കുകയും പണയം വെക്കുകയും ചെയ്തിരുന്നു. ഈ പണം ധൂർത്തടിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത അതുലിന്റെ അറസ്റ്റ് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് രേഖപ്പെടുത്തിയത്.