തമിഴ് താരം വിജയ്ലിന്റെ പുതിയ ചിത്രം 'ജനനായകൻ' ഓൺലൈനിൽ ചോർന്ന സംഭവത്തിൽ ആറ് പേരെ തമിഴ്നാട് സൈബർ ക്രൈം വിങ് അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിന്റെ പരാതിയിലാണ് പൊലീസ് നടപടി. അറസ്റ്റിലായ ആറ് പേരെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ക്ലൗഡ് സ്റ്റോറേജ് പ്ലാറ്റ്‌ഫോമുകളിൽ ചിത്രം അപ്‌ലോഡ് ചെയ്ത ശേഷം ലിങ്കുകൾ വഴി പ്രചരിപ്പിച്ചതാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത്തരത്തിൽ പ്രചരിപ്പിച്ച മുന്നൂറോളം ലിങ്കുകൾ സൈബർ വിഭാഗം ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. നിർമ്മാതാക്കളുടെ പരാതിയിൽ ആകെ 21 പേർക്കെതിരെയാണ് പൊsലീസ് കേസെടുത്തിരിക്കുന്നത്. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
ചിത്രം ഓൺലൈനിൽ ചോർന്നത് ബോക്സ് ഓഫീസിനെ സാരമായി ബാധിക്കുമെന്ന് നിർമ്മാതാക്കൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളിൽ നിന്നും മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ നിന്നും കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പൈറസി തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് സൈബർ ക്രൈം വിങ് അറിയിച്ചു.