Share this Article
News Malayalam 24x7
പ്രതിയുമായി തെളിവെടുപ്പ്, സ്ഥലത്ത് വൻ ജനരോഷം; ഒന്നര വയസുകാരൻ്റെ കൊലപാതകം
Nedumangad Child Case

ഒന്നര വയസുകാരനെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അഷ്കറിനെ പൊലീസ് തെളിവെടുപ്പിനായി എത്തിച്ചു. നെടുമങ്ങാട് ഇവർ താമസിച്ചിരുന്ന വാടകവീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. തെളിവെടുപ്പിനിടെ പ്രതിക്കെതിരെ വൻ ജനരോഷമാണ് സ്ഥലത്തുണ്ടായത്. നാട്ടുകാർ പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും പൊലീസിന്റെ വാഹനം തല്ലിത്തകർക്കുകയും ചെയ്തു.

വൻ പൊലീസ് സുരക്ഷയിലാണ് അഷ്കറിനെ സ്ഥലത്തെത്തിച്ചതെങ്കിലും വിവരമറിഞ്ഞ് നിരവധി പേർ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പ്രതിയെ വാഹത്തിന് പുറത്തിറക്കിയതോടെ നാട്ടുകാർ കൂവിവിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനിടയിലാണ് ബൈക്കിലെത്തിയ രണ്ടുപേർ പ്രതിയെ കൊണ്ടുവന്ന പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ് ചില്ല് തകർത്തത്. വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് ഏറെ പാടുപെടേണ്ടി വന്നു.


പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ 51-ലധികം മുറിവുകളാണ് കണ്ടെത്തിയത്. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളുമുണ്ടായിരുന്നു. ഒരു മാസം മുൻപ് കുഞ്ഞിന്റെ ഇരു കൈകളും ഒടിഞ്ഞ നിലയിലായിരുന്നു. അഷ്കറിന്റെ ക്രൂരമർദ്ദനം മൂലമാണ് കുഞ്ഞിന് ഈ പരിക്കുകൾ സംഭവിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.


അഷ്കർ കുഞ്ഞിനെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും കുഞ്ഞ് ഇയാളെ കാണുമ്പോൾ തന്നെ കരയുമായിരുന്നുവെന്നും അമ്മ അഖിലയുടെ അമ്മ റീന പറഞ്ഞു. കുഞ്ഞിനെ തങ്ങളെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും അഖില തയാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പോലീസ് ഗൗരവത്തോടെ അന്വേഷിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. നിലവിൽ അഖിലയും അഷ്കറും പോലീസ് കസ്റ്റഡിയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories