നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം അതിക്രൂരമായ മർദ്ദനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ ചെറുതും വലുതുമായി 51 മുറിവുകളാണ് കണ്ടെത്തിയത്. ആന്തരിക അവയവങ്ങളിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന് നേരെ നടന്ന ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച വട്ടത്തിലുള്ള നിരവധി പാടുകളുമുണ്ട്. കൂടാതെ, കുട്ടിയുടെ ഇരു കൈകളും ഒരു മാസം മുൻപ് ഒടിഞ്ഞ നിലയിൽ പ്ലാസ്റ്റർ ഇട്ടിരിക്കുകയായിരുന്നു. കളിപ്പാട്ടത്തിൽ നിന്ന് വീണാണ് കൈകൾ ഒടിഞ്ഞതെന്നാണ് അമ്മ ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം നേരിട്ടാണ് കുട്ടി മരിച്ചതെന്നാണ് രണ്ടാനച്ഛനായ അഷ്കർ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതും ഇയാളായിരുന്നു. എന്നാൽ ഇൻക്വസ്റ്റ് നടപടികൾക്കിടയിലാണ് കുട്ടിയുടെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകൾ ആശുപത്രി അധികൃതർ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, അഷ്കർ കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് അമ്മ അഖില സമ്മതിച്ചു.
അതേസമയം, നെടുമങ്ങാട് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ മുത്തശ്ശി രംഗത്തെത്തിയിട്ടുണ്ട്. മകളുടെ പങ്കാളി കുട്ടിയെ ക്രൂരമായി മർദ്ദിക്കാറുണ്ടെന്ന് കാണിച്ച് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് അത് ഗൗരവമായി എടുത്തില്ലെന്ന് മുത്തശ്ശി ആരോപിക്കുന്നു. അന്ന് പൊലീസ് കൃത്യമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. കസ്റ്റഡിയിലുള്ള അമ്മ അഖിലയെയും അഷ്കറിനെയും പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.