മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകൻ അനിലിനെതിരെ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഇയാളുടെ ഫോൺ പരിശോധിച്ച അന്വേഷണ സംഘം കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ മറ്റെന്തെങ്കിലും രീതിയിൽ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പൊലീസ് അധ്യാപകന്റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.
അധ്യാപകൻ അനിലിനെതിരെ കൂടുതൽ വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്കൂളിൽ വെച്ച് തങ്ങളെ ലൈംഗികമായി അതിക്രമത്തിന് ഇരയാക്കിയെന്നും, പിന്നീട് അധ്യാപകൻ താമസിക്കുന്ന സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് കുട്ടികളുടെ മൊഴി.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ അഞ്ച് വിദ്യാർത്ഥികൾ കൂടി പരാതിയുമായി രംഗത്തെത്തി. ഈ പരാതികളുടെ അടിസ്ഥാനത്തിൽ അധ്യാപകനായ അനിലിനെതിരെ പൊലീസ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കൂടുതൽ വിദ്യാർത്ഥികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.