ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വടകര സ്വദേശിനി ഷിംജിത മുസ്തഫക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് മാങ്കാവ് സ്വദേശിയായ ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് (IPC 306) ചുമത്തിയിരിക്കുന്നത്.
ദീപക്കിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ ദീപക്കിന്റെ വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ബസിനുള്ളിൽ വെച്ചുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് ദീപക്കിനെ മാനസികമായി തളർത്തിയതെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പ്രധാനമായും ആരോപിക്കുന്നത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. കേസിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഡിഐജിക്ക് (DIG) കമ്മീഷൻ നിർദ്ദേശം നൽകി.
ദീപക്കിന്റെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ യുവതിക്കെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. യുവതി പ്രചരിപ്പിച്ച വീഡിയോ ദീപക്കിനെ സമൂഹമധ്യത്തിൽ അപമാനിക്കാൻ കാരണമായെന്നും ഇതാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. നിലവിൽ ഷിംജിത മുസ്തഫ ഒളിവിലാണെന്നാണ് സൂചനകൾ. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.