ബസ്സിൽ വെച്ച് ലൈംഗികാതിക്രമം ആരോപിക്കപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ, പ്രതിയായ ഷിംജിത മുസ്തഫയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. നിലവിൽ മഞ്ചേരി വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പുകൾ നടത്താനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിന്റെ നീക്കം.
സംഭവം നടന്ന ശേഷം ഏകദേശം ആറു ദിവസത്തോളം ഒളിവിലായിരുന്ന ഷിംജിതയെ ഇന്നലെയാണ് വടകരയിലെ ബന്ധുവീട്ടിൽ വെച്ച് പൊലീസ് പിടികൂടിയത്. പ്രതി വിദേശത്തേക്ക് കടന്നതായി നിഗമനമുണ്ടായിരുന്നതിനെ തുടർന്ന് ലുക്കൗട്ട് നോട്ടീസ് വരെ പുറപ്പെടുവിച്ചിരുന്നു. എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകുന്ന വേളയിൽ തന്നെ, പ്രതിഭാഗം കുന്നമംഗലം കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിക്കാൻ സാധ്യതയുണ്ട്.ലൈംഗിക അതിക്രമം ആരോപിച്ച് ബസ്സിനുള്ളിൽ വെച്ച് ഷിംജിത ദീപക്കിന്റെ വീഡിയോ ചിത്രീകരിച്ചിരുന്ന മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഈ വീഡിയോ ദൃശ്യങ്ങൾ കേസിൽ നിർണ്ണായക തെളിവായി മാറും എന്നാണ് പൊലീസ് കരുതുന്നത്.
ദീപക്കിന്റെ മരണത്തിന് പിന്നാലെ യുവതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. കസ്റ്റഡിയിൽ ലഭിക്കുന്നതോടെ കൂടുതൽ മൊഴിയെടുക്കാനും ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.