നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരനായ ഇഹാൻ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഞ്ഞിനെ അടിവയറ്റിൽ കൈമുട്ടുകൊണ്ട് ക്രൂരമായി ഇടിച്ചു കൊലപ്പെടുത്തിയതാണെന്ന് പിതാവ് ഷിജിൽ പൊലീസിന് മൊഴി നൽകി. കുറ്റം സമ്മതിച്ചതോടെ കാഞ്ഞിരംകുളം സ്വദേശിയായ ഷിജിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
നെയ്യാറ്റിൻകരയിൽ ഈ മാസം 16-ാം തീയതിയാണ് സംഭവം നടന്നത്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെയാണ് സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ വയറ്റിൽ ഗുരുതരമായ പരിക്കേറ്റതായും ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
കുഞ്ഞിനോടുള്ള വെറുപ്പും സ്വന്തം പിതൃത്വത്തിലുള്ള സംശയവുമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കുട്ടിയുടെ ജനനം മുതൽ ഷിജിലും ഭാര്യ കൃഷ്ണപ്രിയയും തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. ഗർഭിണിയായിരുന്നപ്പോഴും പ്രസവശേഷവും സ്വന്തം വീട്ടിലായിരുന്ന കൃഷ്ണപ്രിയയെയും കുഞ്ഞിനെയും അടുത്തിടെയാണ് ഷിജിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
കൃഷ്ണപ്രിയയുടെ മൊഴി പ്രകാരം, ഷിജിലിനെ കാണുമ്പോൾ കുഞ്ഞ് ഭയന്ന് കരയാറുണ്ടായിരുന്നു. മുൻപും ഇയാൾ കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും ഒരിക്കൽ കുഞ്ഞിന്റെ ശരീരത്തിൽ കയറിക്കിടന്നത് മൂലം ഇടതുകൈയ്ക്ക് പരിക്കേറ്റിരുന്നതായും വിവരമുണ്ട്.
കുഞ്ഞിന് ബിസ്‌ക്കറ്റ് നൽകിയതിന് പിന്നാലെ കുഴഞ്ഞുവീണതാണെന്നായിരുന്നു ബന്ധുക്കൾ ആദ്യം കരുതിയിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമായതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ തെളിവെടുപ്പിനായി ഷിജിലിനെ കസ്റ്റഡിയിൽ വാങ്ങി കാഞ്ഞിരംകുളത്തെ വീട്ടിലെത്തിക്കാനാണ് പോലീസ് തീരുമാനം. പ്രതിക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.