ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം ആരോപിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ, പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കുന്നമംഗലം കോടതി ഇന്ന് പരിഗണിക്കും. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ഷിംജിത മഞ്ചേരി വനിതാ ജയിലിലാണ് ഉള്ളത്.
ലൈംഗികാതിക്രമ ആരോപണത്തെ തുടർന്നുണ്ടായ സൈബർ അധിക്ഷേപത്തിൽ മനംനൊന്താണ് കോഴിക്കോട് സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്തതെന്നാണ് കേസ്. പൊലീസിൽ പരാതി നൽകുന്നതിന് മുൻപ് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് ദീപക്കിനെതിരെ സൈബർ ആക്രമണം ലക്ഷ്യം വെച്ചാണെന്ന ആരോപണവും ശക്തമാണ്.
ഷിംജിതയുടെ ഫോൺ പരിശോധിച്ച പൊലീസ്, ബസ്സിൽ വെച്ച് ചിത്രീകരിച്ച ഏഴ് വീഡിയോകൾ കണ്ടെടുത്തു. ഈ വീഡിയോകൾ ഷിംജിത സ്വയമാണോ എഡിറ്റ് ചെയ്തത് അതോ മറ്റാരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയെത്തുടർന്നുണ്ടായ സൈബർ അധിക്ഷേപം കാരണമാണ് ദീപക് ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്റെ ആരോപണം റിമാൻഡ് റിപ്പോർട്ട് ശരിവെക്കുന്നുണ്ട്.
കഴിഞ്ഞ മാസം 18-നാണ് വിവാദമായ സംഭവം നടക്കുന്നത്. തനിക്ക് ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ ഒരു എഡിറ്റഡ് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് ഡിലീറ്റ് ചെയ്ത ശേഷം മറ്റൊരു വിശദീകരണ വീഡിയോയും ഇവർ പങ്കുവെച്ചു. ഈ വീഡിയോകൾക്ക് താഴെ വന്ന ക്രൂരമായ കമന്റുകൾ ദീപക്കിനെ മാനസികമായി തളർത്തിയിരുന്നുവെന്ന് കുടുംബം മൊഴി നൽകിയിട്ടുണ്ട്. സ്വന്തം ജന്മദിനത്തിൽ പോലും ആഹാരം കഴിക്കാതെ വിഷമിച്ചിരുന്ന ദീപക്കിനെ പിറ്റേന്ന് രാവിലെയാണ് മുറിക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ബസ്സിൽ വെച്ച് തനിക്ക് ലൈംഗികാതിക്രമം നേരിട്ടു എന്ന ആരോപണത്തിൽ ഷിംജിത ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. ഇതിനിടെ, റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്സിൽ വരുമ്പോൾ ഷിംജിതയ്ക്ക് നേരെ അതിക്രമം ഉണ്ടായെന്ന് കാണിച്ച് ഇവരുടെ സഹോദരൻ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഈ പരാതിയിൽ ആരുടെയും പേര് കൃത്യമായി പരാമർശിച്ചിട്ടില്ല.
റിമാൻഡ് റിപ്പോർട്ടിലെ കണ്ടെത്തലുകളും സിസിടിവി ദൃശ്യങ്ങളിലെ വിവരങ്ങളും ഇന്നത്തെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ കോടതിയിൽ പ്രധാന വാദങ്ങളായി ഉയർത്തും. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് ജാമ്യം അനുവദിക്കരുതെന്ന നിലപാടായിരിക്കും പ്രോസിക്യൂഷൻ സ്വീകരിക്കുക.