Share this Article
News Malayalam 24x7
സെമിയിൽ പൊരുതി വീണു, വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയില്ല
വെബ് ടീം
posted on 30-05-2026
1 min read
vinesh

ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ രാജ്യത്തെ മികച്ച വനിതാ ഗുസ്തി താരങ്ങളിൽ ഒരാളായ വിനേഷ് ഫോഗട്ട് സെമിയിൽ പൊരുതി വീണു.ട്രയല്‍സിലെ മൂന്നാം മത്സരത്തില്‍ ഹരിയാനയുടെ മീനാഷിയോട് പരാജയപ്പെട്ടു. ഇതോടെ താരത്തിന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനാവില്ല.

ഡൽഹിയിലെ കെടി ജാദവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ട്രയൽസിലെ ആദ്യ രണ്ടു റൗണ്ടുകളിൽ ഉജ്വല വിജയങ്ങളാണ് താരം നേടിയത്. 53 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന ഒളിമ്പ്യൻ , ആദ്യ റൗണ്ടിൽ ഹരിയാനയുടെ ജ്യോതിയെ ഏഴ് പോയിന്റിന് പരാജയപ്പെടുത്തിയതിനു പിന്നാലെ രണ്ടാം റൗണ്ടിൽ ഹരിയാനയുടെ തന്നെ നിഷുവിനെ അഞ്ചിനെതിരെ ആറു പോയിന്റുകൾ സ്കോർ ചെയ്തു കീഴടക്കി.അത്യന്തം നാടകീയമായിരുന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് രണ്ടു തവണ എതിരാളി അപ്പീലുമായ് പോയെങ്കിലും വിനേഷിനെ പിടിച്ചു കെട്ടാൻ അതൊന്നും മതിയായില്ല.

നേരത്തെ ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകിയ ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് വിനേഷിന് മത്സരിക്കാനുള്ള അവസരം ഒരുങ്ങിയത്. ഫോഗട്ടിന് ട്രയൽസിൽ മത്സരിക്കാൻ അനുമതി നൽകിയ ഹൈക്കോടതി നിർദ്ദേശത്തെ ചോദ്യം ചെയ്ത് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories