കായിക ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിന് നാളെ നാന്ദികുറിക്കും. ചരിത്രത്തിലാദ്യമായി മൂന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങളായ മെക്സിക്കോ, അമേരിക്ക, കാനഡ എന്നിവർ സംയുക്തമായാണ് ഇത്തവണത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-നാണ് ഉദ്ഘാടന മത്സരം നടക്കുക. ഇതിന് മുന്നോടിയായി രാത്രി 9 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങുകൾ മൂന്ന് മണിക്കൂറോളം നീണ്ടുനിൽക്കും. മെക്സിക്കോ സിറ്റി, ലോസ് ഏഞ്ചലസ്, ടൊറന്റോ എന്നീ നഗരങ്ങളിൽ ഒരേസമയമാണ് വിപുലമായ ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ആഫ്രിക്കൻ പ്രതിനിധികളായ ദക്ഷിണാഫ്രിക്കയെ നേരിടും.
നിരവധി സവിശേഷതകളോടെയാണ് ഇത്തവണത്തെ ലോകകപ്പ് അരങ്ങേറുന്നത്. ടൂർണമെന്റിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 16 വേദികളിലായി ആകെ 104 മത്സരങ്ങൾ നടക്കും. ഏഷ്യൻ, ആഫ്രിക്കൻ വൻകരകളിൽ നിന്നുള്ള കൂടുതൽ ടീമുകൾക്ക് ഇത്തവണ ലോകകപ്പിലേക്ക് യോഗ്യത ലഭിച്ചിട്ടുണ്ട്. ഉസ്ബെക്കിസ്ഥാൻ, ജോർദാൻ, കേപ് വെർദെ, കുറസാവോ തുടങ്ങിയ രാജ്യങ്ങളുടെ കന്നി ലോകകപ്പ് കൂടിയാണിത്.
ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്കാ മോഡ്രിച്ച്, ഇവാൻ പെരിസിച്ച് തുടങ്ങിയ പ്രമുഖ താരങ്ങളുടെ അവസാന ലോകകപ്പ് കൂടിയാകും ഇത്തവണത്തേത്. മുൻ ചാമ്പ്യന്മാരായ അർജന്റീന കിരീടം നിലനിർത്താനായി ഇറങ്ങുമ്പോൾ ബ്രസീൽ, ഫ്രാൻസ്, ജർമ്മനി, ഇംഗ്ലണ്ട് തുടങ്ങിയ കരുത്തരും വലിയ പ്രതീക്ഷകളോടെയാണ് ടൂർണമെന്റിനെത്തുന്നത്. ജൂലൈ 19-നാണ് കലാശപ്പോരാട്ടം നടക്കുക.