Share this Article
News Malayalam 24x7
ലോകകപ്പ് ഫുട്ബോൾ: ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോയ്ക്ക് ഉജ്ജ്വല തുടക്കം
Mexico Beats South Africa 2-0 in Opening Match

 ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന 2026 ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് വിജയം. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കോ പരാജയപ്പെടുത്തിയത്.

മെക്സിക്കോയിലെ പ്രശസ്തമായ അസ്ടെക്ക സ്റ്റേഡിയത്തിൽ എൺപതിനായിരത്തിലധികം കാണികളെ സാക്ഷിനിർത്തിയായിരുന്നു മെക്സിക്കോയുടെ വിജയം. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ മെക്സിക്കോ മുന്നിലെത്തി. ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് യുവതാരം എറിക് ലിറ നൽകിയ പാസിൽ നിന്നും ജൂലിയൻ കിനോനസ് ആണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് 67-ാം മിനിറ്റിൽ റൗൾ ഹിമെനെസ് നേടിയ തകർപ്പൻ ഹെഡർ ഗോളിലൂടെ മെക്സിക്കോ വിജയം ഉറപ്പിച്ചു.


ഗോളുകളേക്കാൾ ചുവപ്പ് കാർഡുകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു ലോകകപ്പിലെ ആദ്യ മത്സരം. ബ്രസീലിയൻ റഫറി നിയന്ത്രിച്ച മത്സരത്തിൽ ആകെ മൂന്ന് ചുവപ്പ് കാർഡുകളാണ് പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ സീതോളി (49-ാം മിനിറ്റ്), സൊവാനെ (83-ാം മിനിറ്റ്) എന്നിവരും, മത്സരത്തിന്റെ അവസാന മിനിറ്റിൽ മെക്സിക്കൻ താരം സീസർ മോണ്ടസും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി.


കളിയുടെ എല്ലാ മേഖലകളിലും മെക്സിക്കോ തന്നെയാണ് ആധിപത്യം പുലർത്തിയത്. 60 ശതമാനത്തിലധികം പന്ത് കൈവശം വെച്ച മെക്സിക്കോ ദക്ഷിണാഫ്രിക്കൻ പോസ്റ്റിലേക്ക് 16 ഷോട്ടുകൾ ഉതിർത്തപ്പോൾ, വെറും 3 ഷോട്ടുകൾ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മറുപടിയായി അടിക്കാനായത്. ലോകകപ്പിലെ അടുത്ത മത്സരത്തിൽ ചെക്ക് റിപ്പബ്ലിക് ദക്ഷിണ കൊറിയയെ നേരിടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories