കൊൽക്കത്ത: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ടോസ് ജയിച്ച് കീവിസ്. ടോസ് നേടിയ കീവിസ് ഫീൽഡിങ് തെരഞ്ഞെടുത്തു. ഇതോടെ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. കിവീസിനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിങിനിറങ്ങുന്നത്. പരീക്ഷണങ്ങൾ അതിജീവിച്ച് വന്നതിന്റെ കരുത്താണ് ന്യൂസിലൻഡിനുള്ളത്. കൊൽക്കത്ത ഇൗഡൻ ഗാർഡൻസ് സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴിനാണ് കളി.
തുടർച്ചയായ രണ്ടാം ഫൈനലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്.ഐസിസി വേദികളിലെ നോക്കൗട്ട് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് തവണ തോൽപ്പിച്ചുണ്ട് കിവീസ്. 2011, 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിലും 2025ലെ ചാന്പ്യൻസ് ട്രോഫിയിലുമാണ് കിവീസ് ദക്ഷിണാഫ്ര-ിക്കയെ തകർത്തത്. ഇക്കുറി ദക്ഷിണാഫ്രിക്കയ്‌ക്ക് മേൽക്കൈയുണ്ട്.പേസർമാരാണ് ആഫ്രിക്കൻ ടീമിനെ നയിക്കുന്നത്. ലുൻഗി എൻഗിഡി, കഗീസോ റബാദ, മാർകോ യാൻസെൺ, കോർബിൻ ബോഷ് എന്നിവരുൾപ്പെട്ട പേസ് നിര ലോകകപ്പിലെ മികച്ച സംഘമാണ്. ഇരു ടീമുകളും ആദ്യ ഏറ്റുമുട്ടിയപ്പോൾ നാല് വിക്കറ്റുമായി യാൻസെനാണ് മാൻ ഓഫ് ദി മാച്ചായത്.
ലോകകപ്പിൽ സ്‌പിന്നർമാരെ കൂടുതൽ ഉപയോഗിക്കാത്ത ടീമും ദക്ഷിണാഫ്രിക്കയാണ്. അഹമ്മദാബാദിലായിരുന്നു ടീമിന്റെ ഭൂരിപക്ഷം മത്സരങ്ങളും. തോൽവിയറിയാതെയാണ് മുന്നേറ്റം. സൂപ്പർ എട്ടിൽ നിലവിലെ ജേതാക്കളായ ഇന്ത്യയെയും തോൽപ്പിച്ചു. ക്യാപ്‌റ്റൻ എയ്‌ദൻ മാർക്രമാണ് ബാറ്റിങ് നിരയുടെ നെടുന്തൂൺ. കിവീസിനെതിരെ 44 പന്തിൽ 86 റണ്ണാണ് ഗ്രൂപ്പ് ഘട്ടത്തിൽ നേടിയത്. റ്യാൻ റിക്കിൾടെൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്‌റ്റൺ സ്‌റ്റബ്‌സ് തുടങ്ങിയ വന്പൻ നിരയാണുള്ളത്. ഓപ്പണർ ക്വന്റൺ ഡി കോക്കിന്റെ മോശം പ്രകടനം മാത്രമാണ് ആശങ്ക.
കിവീസ് സൂപ്പർ എട്ട് മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് കളിച്ചത്. ഗ്രൂപ്പ് മത്സരങ്ങൾ ഇന്ത്യയിലും. അതിനാൽതന്നെ എല്ലാ സാഹചര്യങ്ങളുമായും ടീം പൊരുത്തപ്പെട്ടു.
സൂപ്പർ എട്ടിൽ ലങ്കയ്‌ക്കെതിരെ നേടിയ ഒറ്റ ജയമാണ് കിവീസിന് സെമിയിലേക്കുള്ള വഴിയൊരുക്കിയത്. അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റു. പാകിസ്ഥാൻ റൺ നിരക്കിൽ പിന്നിലായത് മിച്ചെൽ സാന്റ്‌നെറിനും സംഘത്തിന് ഗുണകരമാകുകയായിരുന്നു.