ആംസ്റ്റൽവീൻ: എഫ്ഐഎച്ച് ലോകകപ്പ് ഹോക്കിയിലെ പുരുഷവിഭാഗം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനോട് 4-2നാണ് തോൽവി. ആദ്യ ഘട്ടത്തിൽ ലീഡ് നേടിയ ശേഷമാണ് ഇന്ത്യയുടെ തോൽവി. ഇന്ത്യൻ നായകൻ ഹർമൻപ്രീത് സിങും ദിൽപ്രീത് സിങ്ങും ഇന്ത്യയ്ക്ക് ലീഡ് നൽകിയെങ്കിലും തിരിച്ചടിച്ച ഇംഗ്ലണ്ട് ജയം പിടിക്കുകയായിരുന്നു.ഇംഗ്ലണ്ടിനായി നിക്കോളാസ് ബാന്ധുറക് ഇരട്ടഗോൾ നേടി. സ്റ്റ്യുവാർട്ട് റഷ്‌മേറും ഹെൻറി ക്രോഫ്റ്റും വലകുലുക്കി.
ജയത്തോടെ പൂൾ ഡിയിൽ ഇംഗ്ലണ്ടിന് ആറ് പോയന്റായി. ഇന്ത്യയ്ക്ക് മൂന്ന് പോയന്റാണുള്ളത്. ഇതോടെ ബുധനാഴ്ച പാകിസ്താനെതിരെയുള്ള അവസാന മത്സരം ഇന്ത്യക്ക് നിർണായകമായി പാകിസ്താനെതിരെ വിജയിച്ചാൽ മാത്രമേ ഇന്ത്യ അടുത്ത റൗണ്ടിലെത്തുകയുള്ളു.ആദ്യ മത്സരത്തിൽ വെയിൽസിനെ ഇന്ത്യ (3–1) കീഴടക്കിയിരുന്നു.