ലോകകപ്പ് ഹോക്കിയിൽ നിർണായക മത്സരത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം. എട്ട് ഗോൾ വീണ മത്സരത്തിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. തങ്ങളുടെ മൂന്നാം ലോകകപ്പ് മത്സരത്തിൽ നായകൻ ഹർമൻപ്രീതും അഭിഷേകും രണ്ട് ഗോൾ വീതം നേടി.അഞ്ചാം മിനുട്ടിൽ ഹർമൻപ്രീതിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്.ആറ് മിനിറ്റിനുശേഷം അഭിഷേക് ലീഡ് രണ്ടാക്കി. അടുത്തതും ഹർമൻപ്രീതിന്റെ ഊഴമായിരുന്നു. 21-ാം മിനിറ്റിൽ കോർണറിൽനിന്ന് ലക്ഷ്യംകണ്ടതോടെ ഇന്ത്യ 3-0 ന് മുന്നിലെത്തി. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ ഹനാൻ ഷാഹിദിലൂടെ പാകിസ്ഥാൻ തിരിച്ചടിച്ചു. സ്‌കോർ 3-1. രണ്ട് മിനിറ്റിനുശേഷം അഭിഷേക് വീണ്ടും ലക്ഷ്യംകണ്ടതോടെ ഇന്ത്യ 4-1ന്റെ ലീഡെടുത്തു.
അതേമിനിറ്റിൽ പെനാൽറ്റി കോർണറിൽനിന്ന് സൂഫിയൻ ഖാൻ തിരിച്ചടിച്ചു. സ്‌കോർ 4-2. 34-ാം മിനിറ്റിൽ ഹാർദിക് സിങ്ങിലൂടെ ഇന്ത്യ ലീഡുയർത്തി. സ്‌കോർ 5-2 ആയി. 46-ാം മിനിറ്റിലായിരുന്നു പാകിസ്ഥാന്റെ മൂന്നാം ഗോൾ. ഹനാൻ ഷാഹിദിന്റെ രണ്ടാം ഗോൾ.
ഇതോടെ പൂൾ ഡിയിൽനിന്ന് ഇംഗ്ലണ്ടും ഇന്ത്യയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. പാകിസ്ഥാനും വെയ്ൽസും പുറത്തായി.