Share this Article
News Malayalam 24x7
ദൃശ്യ കൊലക്കേസ് പ്രതി രക്ഷപ്പെട്ടിട്ട് 5 ദിവസം, പിടികൂടാനായിട്ടില്ല
Drishya Murder Case Accused Escapes

പെരിന്തൽമണ്ണയിലെ ദൃശ്യയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷ് കോഴിക്കോട് കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടിട്ട് അഞ്ച് ദിവസമായിട്ടും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് കേരളത്തിലുടനീളം വ്യാപകമായ പരിശോധനകൾ ഊർജിതമാക്കിയിട്ടും പ്രതിയെക്കുറിച്ച് കാര്യമായ സൂചനകളൊന്നും ലഭിക്കാത്ത പശ്ചാത്തലത്തിൽ അന്വേഷണം ഇപ്പോൾ അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.

പ്രതിയുടെ ചിത്രങ്ങൾ കർണാടക പൊലീസിന് കൈമാറുകയും അവിടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഒരു പ്രത്യേക അന്വേഷണ സംഘം കൂടി കർണാടകയിലെ വിവിധ ഇടങ്ങളിൽ പരിശോധനയ്ക്കായി പോയേക്കും. ഡിസംബർ 29ന് രാത്രി 11.40ന് സെല്ലുകളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് വിനീഷ് രക്ഷപ്പെട്ട വിവരം അധികൃതർ അറിയുന്നത്. എന്നാൽ ഇയാൾ അന്ന് രാവിലെ തന്നെ രക്ഷപ്പെട്ടിരിക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.


നിലവിൽ ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത് അന്വേഷണത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. അതീവ സുരക്ഷയുള്ള ഇത്തരമൊരു സർക്കാർ സ്ഥാപനത്തിൽ നിന്നും കൊലക്കേസ് പ്രതി രക്ഷപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. ദൃശ്യയെ കൊലപ്പെടുത്തിയ ശേഷം വിചാരണ നേരിടുന്നതിനിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു വിനീഷിനെ കുതിരവട്ടത്തേക്ക് മാറ്റിയത്. പ്രതിയെ ഉടൻ കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് പൊലീസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories