വാളയാറിൽ മോഷണക്കുറ്റം ആരോപിച്ച് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. അട്ടപ്പള്ളം സ്വദേശിയായ ഇയാളെ തമിഴ്‌നാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒൻപതായി.
സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്കും കോളിളക്കങ്ങൾക്കും വഴിവെച്ച സംഭവമായിരുന്നു വാളയാറിലുണ്ടായ ഈ ആൾക്കൂട്ട ആക്രമണം. മോഷണം നടത്തിയെന്ന് ആരോപിച്ചാണ് രാംനാരായണനെ ഒരു സംഘം ആളുകൾ ചേർന്ന് അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത്. സ്ത്രീകൾ ഉൾപ്പെടെ പതിനഞ്ചിലധികം പേർ ചേർന്നാണ് ഇയാളെ ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
അറസ്റ്റിലായവരിൽ ഒൻപത് പേർ ബിജെപി അനുഭാവികളാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാംനാരായണന്റെ കുടുംബത്തിന് ജില്ലാ ഭരണകൂടം നഷ്ടപരിഹാരം വാഗ്ദാനം ചെയ്തതിനെത്തർന്നാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങിയത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും ഒളിവിലുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.