എലത്തൂരിലെ 26-കാരിയായ യുവതിയുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ തടമ്പാട്ടുതാഴം സ്വദേശി വൈശാഖനെ (37) എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹത്തെ ക്രൂരമായി ബലാത്സംഗം ചെയ്തതായും പൊലീസ് വെളിപ്പെടുത്തി.
കഴിഞ്ഞ ജൂലൈ 24-നാണ് യുവതിയെ മോരിക്കരയിലെ ഇൻഡസ്ട്രിയൽ സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയെന്ന് കരുതിയ കേസ്, എലത്തൂർ എസ്.ഐ. എൻ.കെ. സഹദിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ മേൽനോട്ടത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
വൈശാഖും യുവതിയും പ്രണയത്തിലായിരുന്നു. യുവതി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, ഒരുമിച്ച് ജീവിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ 'ഒരുമിച്ച് മരിക്കാം' എന്ന തന്ത്രം വൈശാഖ് യുവതിക്ക് മുന്നിൽ വെച്ചു. താൻ വിഷം കഴിച്ചുവെന്ന് യുവതിയെ വിശ്വസിപ്പിച്ച ശേഷം, തൂങ്ങിമരിക്കാനായി പ്രതി തന്നെ കയറുകൾ തയ്യാറാക്കി. തുടർന്ന് യുവതിയെ സ്റ്റൂളിൽ കയറ്റി നിർത്തിയ ശേഷം സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു.
യുവതി മരിച്ചുവെന്ന് ഉറപ്പായ ശേഷം വൈശാഖ് മൃതദേഹത്തെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. ഇതിനുശേഷം, യുവതി തൂങ്ങിമരിച്ച വിവരം വൈശാഖ് സ്വന്തം ഭാര്യയെ അറിയിച്ചു. വൈശാഖും ഭാര്യയും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും മരണം സംഭവിച്ചിരുന്നു.
സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതോടെ പൊലീസിന് വൈശാഖന്റെ നീക്കങ്ങളിൽ സംശയം തോന്നി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റിലായ വൈശാഖനെ കോടതിയിൽ ഹാജരാക്കി.