Share this Article
News Malayalam 24x7
എലത്തൂരിലെ 26 കാരിയുടെ മരണം; കൊലപാതകം നടന്ന സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തി
Elathur Murder Case: Forensic Examination Conducted at Crime Scene

എലത്തൂരിൽ 26 വയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊലപാതകം നടന്ന, പ്രതി വൈശാഖിന്റെ ഉടമസ്ഥതയിലുള്ള മോരിക്കരയിലെ 'ഐഡിയൽ ഇൻഡസ്ട്രീസ്' എന്ന സ്ഥാപനത്തിൽ ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും വിശദമായ പരിശോധന നടത്തി. എലത്തൂർ പോലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷം യുവതിയെ പ്രതി വൈശാഖൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഉറവിടങ്ങൾ വ്യക്തമാക്കുന്നു. യുവതിക്ക് ജ്യൂസിൽ മയക്കുഗുളിക കലർത്തി നൽകി അർദ്ധബോധാവസ്ഥയിലാക്കി. തുടർന്ന് രണ്ട് തൂക്കുകയറുകൾ തയ്യാറാക്കി. ഇതിൽ ഒരു കയറിൽ തൂങ്ങാൻ വിസമ്മതിച്ച യുവതിയെ പ്രതി ക്രൂരമായി മർദ്ദിക്കുകയും ബലമായി സ്റ്റൂളിന് മുകളിൽ കയറ്റി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തുകയുമായിരുന്നു.


മൃതദേഹം താഴെയിറക്കി ഷീറ്റ് വിരിച്ച് കിടത്തിയാണ് പ്രതി ഈ പൈശാചിക കൃത്യം ചെയ്തതെന്നും, മരിക്കുന്ന സമയത്തും മരിച്ചതിന് ശേഷവും യുവതിയെ പ്രതി ബലാത്സംഗം ചെയ്തതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് വിലയിരുത്തുന്നു.


കൊലപാതകം നടന്ന മുറിയിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ ഏറ്റവും നിർണ്ണായകമായ തെളിവ്. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള അതിക്രൂരമായ ദൃശ്യങ്ങളാണ് ഇതിലുള്ളതെന്ന് പൊലീസ് പറയുന്നു. പരിശോധനയുടെ ഭാഗമായി സിസിടിവിയുടെ ഡി.വി.ആർ. (DVR) ഫൊറൻസിക് പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന സ്ഥാപനത്തിന് പുറമെ സമീപത്തുള്ള അടഞ്ഞുകിടക്കുന്ന ബ്യൂട്ടി പാർലറിലും പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്.


നാട്ടുകാർക്കിടയിൽ സൗമ്യനായി നടന്നിരുന്ന വൈശാഖിന്റെ ക്രൂരത പുറത്തുവന്നതിന്റെ ഞെട്ടലിലാണ് പ്രദേശം. കൊല്ലപ്പെട്ട യുവതിക്ക് 16 വയസ്സുള്ളപ്പോൾ മുതൽ വൈശാഖൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കൊയിലാണ്ടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories