അഹമ്മദാബാദ്: ടി20 ലോകകപ്പിൽ സൂപ്പർ എട്ടിലെ നിർണായമത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 177 റൺസ് വിജയലക്ഷ്യമുയർത്തി വെസ്റ്റിൻഡീസ്. നിശ്ചിത 20 ഓവറിൽ വിൻഡീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞെങ്കിലും റൊമാരിയോ ഷെഫേർഡും ജേസൺ ഹോൾഡറും ചേർന്ന് റെക്കോഡ് കൂട്ടുകെട്ട് പടുത്തിയർത്തിയാണ് ടീമിനെ കരകയറ്റിയത്. 89 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ജയിച്ച് സെമി സാധ്യതകൾ സജീവമാക്കാനാണ് ടീമുകളുടെ ശ്രമം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് വെടിക്കെട്ടിനൊരുങ്ങിയാണ് മൈതാനത്തിറങ്ങിയത്.
ഓപ്പണർമാരായ ബ്രാൻഡൻ കിങ്ങും ഷായ് ഹോപ്പും തകർത്തടിച്ചതോടെ ടീം രണ്ടോവറിൽ 29 റൺസെടുത്തു. എന്നാൽ മൂന്നാം ഓവറിൽ ഷായ് ഹോപ്പിനെയും(16) ഷിമ്രോൺ ഹെറ്റ്മയറേയും(2) പുറത്താക്കി കഗിസോ റബാദ തിരിച്ചടിച്ചു. നാലാം ഓവറിലും രണ്ട് വിക്കറ്റുകൾ കൂടി വീണതോട വിൻഡീസ് പരുങ്ങലിലായി. ബ്രാൻഡൻ കിങ്(21), റോസ്റ്റൺ ചേസ്(2) എന്നിവരെ ലുംഗി എൻഗിഡി മടക്കി. പിന്നീട് റോവ്മാൻ പവലും ഫെർഫേൻ റൂഥർഫോർഡമാണ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. ആറോവറിൽ 52-4 എന്ന നിലയിലായിരുന്നു വിൻഡീസ്.