Share this Article
News Malayalam 24x7
ബുംറയെ മറികടന്ന് സഞ്ജു സാംസൺ ഐസിസി പ്ലെയർ ഓഫ് ദ് മന്ത്; പുരസ്കാരം ട്വന്റി20 ലോകകപ്പിലെ മാസ്മരിക പ്രകടനത്തിന്
വെബ് ടീം
posted on 14-04-2026
1 min read
sanju samson

മുംബൈ: ചെന്നൈക്ക് വേണ്ടി സെഞ്ചുറിയുമായി ഐപിഎല്ലിൽ മിന്നും പ്രകടനം നടത്തിക്കൊണ്ടിരിക്കെ സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരം. മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിനാണ് സഞ്ജു അർഹനായത്. ട്വന്റി20 ലോകകപ്പിലെ മിന്നുംപ്രകടനത്തിനാണ് പുരസ്കാരം. ഇതാദ്യമായാണ് സഞ്ജുവിനു ഐസിസി പുരസ്കാരം ലഭിക്കുന്നത്. ഐപിഎൽ അരങ്ങേറ്റത്തിന്റെ 13–ാം വാർഷികദിനത്തിൽ ആണ് പുരസ്‌കാരം ലഭിക്കുന്നത്. ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയെ മറികടന്നാണ് സഞ്ജുവിന്റെ നേട്ടം.

സഞ്ജുവിനൊപ്പം, വിവിധ ഫോർമാറ്റുകളിലുടനീളമുള്ള സ്ഥിരതയാർന്ന പ്രകടനത്തിന് ന്യൂസീലൻഡ് ഓൾറൗണ്ടർ മെലി കെർ വനിതാ വിഭാഗത്തിൽ പുരസ്കാരം നേടി.

‘‘ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം നേടുക എന്നത് അവിശ്വസനീയമായ ഒരു വികാരമാണ്, പ്രത്യേകിച്ച് എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഘട്ടത്തിൽ ഇത് ലഭിക്കുമ്പോൾ. ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് സത്യത്തിൽ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു.’’– പുരസ്കാര നേട്ടത്തിനു പിന്നാലെ സഞ്ജു പറഞ്ഞു.ട്വന്റി20 ലോകകപ്പിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായിരുന്നു സഞ്ജു സാംസൺ.‌ ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ സഞ്ജുവിന് അവസരം ലഭിച്ചില്ലെങ്കിലും നിർണായക മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ലോകകപ്പ് കിരീടം നിലനിർത്താൻ ഇന്ത്യയെ സഹായിക്കുകയും ചെയ്തു. കൊൽക്കത്തയിൽ നടന്ന അവസാന സൂപ്പർ 8 മത്സരത്തിൽ വെസ്റ്റീൻഡീസിനെതിരെ സഞ്ജു പുറത്താകാതെ 97 റൺസ് നേടി. തുടർന്ന് മുംബൈയിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ 89 റൺസും അഹമ്മദാബാദിൽ ന്യൂസീലൻഡിനെതിരായ ഫൈനലിൽ 89 റൺസും നേടി.

 സഞ്ജു ഐപിഎലിൽ അരങ്ങേറ്റം കുറിച്ചിട്ട് ഇന്നു 13 വർഷം തികയുകയാണ്. 2013 ഏപ്രിൽ 14ന്, പഞ്ചാബിനെതിരെ രാജസ്ഥാൻ ജഴ്സിയിലാണ് സഞ്ജു ഐപിഎലിൽ അരങ്ങേറിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories