ജപ്പാനില്‍ സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ മൂന്നു വരെ നടക്കുന്ന ഏഷ്യൻ ഗെയിംസില്‍ ക്രിക്കറ്റും മല്‍സര ഇനമായി ഉൾപ്പെടുത്തിയതോടെ ഇന്ത്യക്കു ഉറച്ച മെഡല്‍ പ്രതീക്ഷയാണുള്ളത്. ഇപ്പോഴിതാ ടി20 ഫോര്‍മാറ്റിലായിരിക്കും ഗെയിംസിലെ ക്രിക്കറ്റ് മല്‍സരങ്ങള്‍. ഈ മേളയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നവരുടെ 30 അംഗ സാധ്യതാ സ്‌ക്വാഡ് ബിസിസിഐ തയ്യാറാക്കി.30 പേരുടെ സാധ്യതാ സ്‌ക്വാഡില്‍ നിന്നായിരിക്കും ഏഷ്യന്‍ ഗെയിംസിനുള്ള 15 അംഗ അന്തിമ ടീമിനെ ബിസിസിഐ തെരഞ്ഞെടുക്കുക.
കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു ഇന്ത്യയുടെ 30 അംഗ സ്‌ക്വാഡില്‍ സ്ഥാനം ലഭിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. അദ്ദേഹത്തിനൊപ്പം ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകന്‍ കൂടിയായ ശുഭ്മന്‍ ഗില്ലും തഴയപ്പെട്ടു.മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ടീമിന്റെ ഭാഗമാണ്. സാധ്യതാ സ്‌ക്വാഡിലെ മറ്റൊരു പ്രധാന ആകര്‍ഷണം ലോക ക്രിക്കറ്റിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമായി മാറിയ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയാണ്. ഐപിഎല്ലില്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി 700ന് മുകളില്‍ റണ്‍സാണ് 15 കാരന്‍ വാരിക്കൂട്ടിയത്. സഞ്ജുവടക്കം നാലു വിക്കറ്റ് കീപ്പര്‍മാര്‍ സ്‌ക്വാഡിലുണ്ട്. ഇക്കൂട്ടത്തില്‍ ഇപ്പോള്‍ ഇന്ത്യയുടെ ടി20 പ്ലാനുകളുടെ ഭാഗമല്ലാത്ത റിഷഭ് പന്തുമുണ്ട്. ഇഷാന്‍ കിഷനും ധ്രുവ് ജുറേലുമാണ് മറ്റു കീപ്പര്‍മാര്‍. ദീര്‍ഘകാലമായി ഇന്ത്യന്‍ ടി20 ടീമിനു പുറത്തുള്ള ശ്രേയസ് അയ്യരും സാധ്യതാ ലിസ്റ്റില്‍ ഇടം നേടി.
2026ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ 30 അംഗ സാധ്യതാ ലിസ്റ്റ്
ബാറ്റർമാർ & വിക്കറ്റ് കീപ്പര്‍മാര്‍- ഇഷാന്‍ കിഷന്‍ (ഡബ്ല്യുകെ), സഞ്ജു സാംസണ്‍ (ഡബ്ല്യുകെ), ധ്രുവ് ജുറേല്‍ (ഡബ്ല്യുകെ), ശ്രേയസ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, റിങ്കു സിങ്, വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍.
ഓള്‍റൗണ്ടര്‍മാര്‍- ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അനുകുല്‍ റോയ്, ആയുഷ് ബഡോനി, ഹര്‍ഷ് ദുബെ, വിപ്രാജ് നിഗം.
ബൗളര്‍മാര്‍- ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, ഖലീല്‍ അഹമ്മദ്, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, യഷ് ടാക്കൂര്‍, കുല്‍ദീപ് യാദവ്