Share this Article
News Malayalam 24x7
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശപ്പോര്
IPL Final Showdown in Ahmedabad Today

 ക്രിക്കറ്റ് പ്രേമികൾ ഒന്നരമാസക്കാലമായി കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ.പി.എൽ) 19-ാം സീസൺ ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സമാപിക്കും. രാത്രി 7.30-ന് ആരംഭിക്കുന്ന കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും (ആർ.സി.ബി) ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും.

ഈ സീസണിൽ ഏറ്റവും കൂടുതൽ തവണ 200-ലധികം റൺസ് അടിച്ചുകൂട്ടിയ ആർ.സി.ബിയുടെ കരുത്ത് അവരുടെ ബാറ്റിംഗ് നിരയാണ്. വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, ടിം ഡേവിഡ്, ക്യാപ്റ്റൻ രജത് പാട്ടിദാർ, വെങ്കിടേഷ് അയ്യർ എന്നിവരടങ്ങുന്ന ബാറ്റിംഗ് ലൈനപ്പാണ് ബംഗളൂരുവിനുള്ളത്. ബൗളിംഗിൽ 26 വിക്കറ്റുകളുമായി ഭുവനേശ്വർ കുമാർ ആർ.സി.ബി നിരയെ നയിക്കുന്നു. രസിഖ് സലാം (16 വിക്കറ്റ്), ജോഷ് ഹേസൽവുഡ് (13 വിക്കറ്റ്), ക്രുനാൽ പാണ്ഡ്യ (13 വിക്കറ്റ്) എന്നിവരും മികച്ച പിന്തുണ നൽകുന്നുണ്ട്.


മറുവശത്ത്, ആദ്യ ക്വാളിഫയറിൽ ബംഗളൂരുവിനോട് നേരിട്ട കനത്ത തോൽവിക്ക് ഫൈനലിൽ മറുപടി നൽകി കിരീടം നേടുകയെന്നതാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ലക്ഷ്യം. ബാറ്റിംഗിൽ ശുഭ്മാൻ ഗില്ലും സായ് സുദർശനും നൽകുന്ന മികച്ച ഇന്നിങ്സുകളാണ് ഗുജറാത്തിന്റെ കരുത്ത്. സ്വന്തം തട്ടകത്തിൽ കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയിക്കാൻ കഴിഞ്ഞത് ടൈറ്റൻസിന് ആത്മവിശ്വാസം നൽകുന്നു. ബൗളിംഗിൽ 28 വിക്കറ്റുകളോടെ പർപ്പിൾ ക്യാപ്പ് പട്ടികയിൽ ഒന്നാമതുള്ള കഗിസോ റബാഡയും മുഹമ്മദ് സിറാജുമാണ് ഗുജറാത്തിന്റെ പ്രധാന ആയുധങ്ങൾ.


ആരാധക പിന്തുണയിലും പ്രകടന കണക്കുകളിലും ആർ.സി.ബിക്കാണ് ക്രിക്കറ്റ് വിദഗ്ധർ കൂടുതൽ ജയസാധ്യത കൽപ്പിക്കുന്നത് എങ്കിലും, സമ്മർദ്ദ ഘട്ടങ്ങളെ അതിജീവിക്കാൻ പ്രത്യേക വൈഭവമുള്ള ഗുജറാത്തിന്റെ പോരാട്ടവീര്യം കൂടിയാകുമ്പോൾ ഇന്നത്തെ ഫൈനൽ മത്സരം ആവേശം നിറഞ്ഞതാകുമെന്നുറപ്പാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories