ഐപിഎല്ലിൽ ഇന്ന് ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ആവേശപ്പോരാട്ടം. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ (ചെപ്പോക്ക്) നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് പഞ്ചാബ് കിംഗ്സിനെ നേരിടും. ഇന്ന് രാത്രി 7.30-നാണ് മത്സരം ആരംഭിക്കുക.
ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ സഞ്ജു സാംസണിന്റെ അരങ്ങേറ്റമാണ് ഈ മത്സരത്തിന്റെ പ്രധാന പ്രത്യേകതകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നത്. സ്വന്തം മണ്ണിൽ സഞ്ജുവിന്റെ പ്രകടനം കാണാൻ മലയാളി ആരാധകരടക്കം വലിയ ആവേശത്തിലാണ്.
ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 16 തവണ വീതമാണ് ചെന്നൈയും പഞ്ചാബും വിജയിച്ചിട്ടുള്ളത്. എന്നാൽ സമീപകാല പ്രകടനങ്ങൾ പരിശോധിച്ചാൽ പഞ്ചാബ് കിംഗ്‌സിനാണ് മുൻതൂക്കം. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ആറിലും വിജയം പഞ്ചാബിനൊപ്പമായിരുന്നു.
ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തെത്തിയ പഞ്ചാബ് വലിയ ആത്മവിശ്വാസത്തിലാണ്. അതേസമയം, കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് തകർച്ച മറികടന്ന് ചെപ്പോക്കിലെ ബാറ്റിംഗ് സൗഹൃദ പിച്ചിൽ മികച്ച പ്രകടനം പുറത്തെടുക്കാനാണ് റുതുരാജ് ഗെയ്‌ക്‌വാദും സംഘവും ലക്ഷ്യമിടുന്നത്. ചെന്നൈ ആരാധകരുടെ വൻ പിന്തുണയും ടീമിന് കരുത്താകും.