തമിഴ് സൂപ്പർ താരം വിജയുടെ കരിയറിലെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകന്റെ' റിലീസ് മാറ്റിവെച്ചു. വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം, അപ്രതീക്ഷിത കാരണങ്ങളാൽ മാറ്റിയതായി നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചു. ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് റിലീസ് നീണ്ടുപോകാൻ പ്രധാന കാരണം.
ചിത്രത്തിലെ ചില രംഗങ്ങൾ സൈന്യത്തെ അവഹേളിക്കുന്നതാണെന്ന പരാതി ഉയർന്നതിനെത്തുടർന്ന്, ഒരു വിദഗ്ധ സമിതി ചിത്രം വീണ്ടും പരിശോധിക്കണമെന്ന് സെൻസർ ബോർഡ് അംഗങ്ങൾ നിർദ്ദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിൽ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. തങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ മൂലമാണ് റിലീസ് മാറ്റുന്നതെന്നാണ് നിർമ്മാതാക്കൾ വിശദമാക്കുന്നത്. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള അയ്യായിരത്തിലധികം തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് വലിയ രീതിയിലുള്ള പ്രീ-റിലീസ് ഹൈപ്പാണ് ലഭിച്ചിരുന്നത്. റിലീസ് മാറ്റിയതോടെ, അഡ്വാൻസ് ബുക്കിംഗ് ചെയ്ത ആരാധകർക്ക് ടിക്കറ്റുകൾ റദ്ദാക്കിയെന്ന സന്ദേശങ്ങൾ ലഭിച്ചു തുടങ്ങി. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് എടുത്തവർക്ക് തുക തിരികെ നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപുള്ള വിജയുടെ അവസാന ചിത്രം എന്ന നിലയിൽ ആരാധകർ വലിയ ആവേശത്തോടെയാണ് 'ജനനായകനെ' കാത്തിരുന്നത്. എന്നാൽ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നത് ആരാധകർക്കിടയിൽ വലിയ നിരാശയ്ക്ക് കാരണമായിട്ടുണ്ട്.