തമിഴ് സൂപ്പർതാരം വിജയ്യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകന്' ഇന്ന് നിർണ്ണായക ദിനം. ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നത് വൈകുന്നതിനെതിരെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്ന് രാവിലെ 10:30-നാണ് വിധി പ്രസ്താവന നിശ്ചയിച്ചിരിക്കുന്നത്.
സെൻസർ സർട്ടിഫിക്കറ്റ് നൽകാമെന്ന് ആദ്യം ഉറപ്പ് നൽകിയ ശേഷം പിന്നീട് ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ട നടപടിയെ വാദത്തിനിടെ കോടതി ചോദ്യം ചെയ്തിരുന്നു. കമ്മിറ്റിയിലെ ഒരു അംഗം തന്നെ പരാതിക്കാരനാകുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് എപ്പോൾ വേണമെങ്കിലും സെൻസർ ബോർഡ് (സി.ബി.എഫ്.സി) ചെയർമാന് ഇടപെടാൻ അധികാരമുണ്ടെന്നാണ് ബോർഡിന്റെ നിലപാട്.
വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രം എന്ന നിലയിൽ വൻ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാ ലോകവും ഈ വിധിക്കായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ സുഗമമായ റിലീസിന് കോടതി വിധി നിർണ്ണായകമാകും. അനുകൂല വിധിയുണ്ടായാൽ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.