നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. 77വയസ്സായിരുന്നു.വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമാകുകയായിരുന്നു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കന്യാകുമാരി, പിച്ചിപ്പു, നക്ഷത്രങ്ങളേ കാവല്‍, അങ്കക്കുറി, ഇവര്‍, വിഷം, ഓപ്പോള്‍, കോളിളക്കം, ഇത്തിരി നേരം ഒത്തിരി കാര്യം, ആട്ടക്കലാശം, അസ്‍ത്രം, പാവം ക്രൂരൻ തുടങ്ങിയവയാണ് പുന്നപ്ര അപ്പച്ചന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.
മോഹൻലാലിനൊപ്പം അഭിനയിച്ച ആക്ഷൻ രംഗങ്ങളിലെ അനുഭവം നേരത്തെ പുന്നപ്ര അപ്പച്ചൻ പങ്കുവച്ചിരുന്നു. ഒരിക്കലും മറക്കാനാവാത്ത ഇടി കിട്ടിയത് മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നാണെന്ന് പുന്നപ്ര അപ്പച്ചന്‍ പറഞ്ഞു. ടൈമിംഗ് തെറ്റിയ കാരണം പല തവണ തനിയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ‘ഏറ്റവും നല്ല ഇടി കിട്ടിയത് മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നാണ്. വിയ്നാറ്റം കോളനി എന്ന സിനിമയില്‍ നടി കനകയുമായിട്ട് വഴക്ക് കൂടുന്നൊരു സീനിലാണ്. അന്ന് ശരിക്കും ഇടി കിട്ടി. ഷോട്ട് എടുക്കുന്ന കൃത്യ സമത്ത് മാറി കൊടുത്തില്ലെങ്കില്‍ ചവിട്ട് ശരീരത്തിനിട്ട് തന്നെ കിട്ടും'. പുന്നപ്ര അപ്പച്ചൻ പറഞ്ഞു.
പിന്‍ഗാമി എന്ന സിനിമയിലെ ഒരു സീനിലും സമാനമായ സംഭവമുണ്ടായി. മോഹന്‍ലാല്‍ തന്നെ ചവിട്ടുന്ന രംഗമായിരുന്നു. ടൈംമിങ്ങ് തെറ്റിയതോടെ തനിക്ക് മാറാന്‍ സാധിച്ചില്ല. ഇതോടെ ലാലിന്റെ ചവിട്ട് തന്റെ നെഞ്ചില്‍ തന്നെ കൊണ്ടെന്നും താന്‍ പെട്ടെന്ന് ബോധംക്കെട്ട് വീണെന്നും തുടർന്ന് മോഹൻലാലിന് ഷെയര്‍ ഉള്ള കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചെന്നും പുന്നപ്ര അപ്പച്ചൻ പറഞ്ഞു.ആശുപത്രിയിൽ നിന്ന് ഇസിജി ഒക്കെ എടുത്ത് നോക്കി. അന്നത്തെ കാലത്ത് ഏകദേശം 9,000 രൂപയോളം ആശുപത്രിയിലെ ഒരു ദിവസത്തെ ബില്‍ ആയി. പക്ഷേ തന്റെ കൈയ്യില്‍ നിന്നും കാശ് വാങ്ങിയില്ലെന്നും സ്നേഹം കൊണ്ടാണ് ലാല്‍ അങ്ങനൊരു സഹായം ചെയ്തതെന്നും പുന്നപ്ര അപ്പച്ചൻ കൂട്ടിച്ചേർത്തു.