തമിഴ് സൂപ്പർ താരം വിജയ് നായകനായി എത്തുന്ന അവസാന ചിത്രമായ 'ജനനായകൻ്റെ' (Jananaayakan) റിലീസ് അനിശ്ചിതാവസ്ഥയിൽ. ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. റിലീസിന് വെറും മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ആരാധകർ ഏറെ കാത്തിരിക്കുന്ന ഈ ചിത്രം നിയമക്കുരുക്കിലേക്ക് നീങ്ങുന്നത്.
കഴിഞ്ഞ ഡിസംബർ 19-നാണ് സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ടത്. അന്ന് ചിത്രത്തിൽ പത്തിലേറെ മാറ്റങ്ങൾ (Cuts) വരുത്താൻ ബോർഡ് നിർദ്ദേശിച്ചിരുന്നു. നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങളെല്ലാം വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചുവെങ്കിലും സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായില്ല.സെൻസർ ബോർഡിൻ്റേത് അസാധാരണമായ നടപടിയാണെന്ന് വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെ (TVK) വൃത്തങ്ങൾ പ്രതികരിച്ചു.
റിലീസ് തീയതി സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തിൽ, നീതി തേടി കോടതിയെ സമീപിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. വിജയ്‍യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകർ ഈ സിനിമയെ കാത്തിരിക്കുന്നത്. ഈ നിയമ നടപടികൾ റിലീസിനെ എങ്ങനെ ബാധിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ ലോകം.