ആഷിഖി 2-ലെ തും ഹി ഹോ, ബ്രഹ്മാസ്ത്രയിലെ കേസരിയാ, തമാശയിലെ അഗർ തും സാഥ് ഹോ, ദിൽവാലേയിലെ ജനം ജനം തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകൻ അരിജിത് സിങ് പിന്നണിഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭാവിയിൽ സിനിമകൾക്കായി പുതിയ പാട്ടുകൾ പാടില്ലെന്ന് വ്യക്തമാക്കിയ താരം, നിലവിൽ ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കുമെന്നും കൂട്ടിച്ചേർത്തു.ഇതൊരു അദ്ഭുതകരമായ യാത്രയാണെന്ന് അരിജിത് കുറിച്ചു. ദൈവം എന്നോട് വളരെ ദയ കാണിച്ചിരിക്കുന്നു. ഭാവിയിൽ ഒരു ചെറിയ കലാകാരനായി കൂടുതൽ പഠിക്കാനും സ്വന്തമായി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നു. പിന്നണി ഗായകൻ എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണെങ്കിലും, സ്വതന്ത്രമായി സംഗീതം സൃഷ്ടിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
."കഴിഞ്ഞ വർഷങ്ങളിൽ ശ്രോതാക്കളായി നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് ഞാൻ നന്ദി പറയുന്നു. ഇനി മുതൽ പിന്നണി ഗായകനായി പുതിയ ജോലികൾ ഏറ്റെടുക്കില്ലെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഞാൻ ഇത് അവസാനിപ്പിക്കുകയാണ്. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ദൈവം എന്നോട് വളരെ ദയ കാണിച്ചിരിക്കുന്നു. ഞാൻ നല്ല സംഗീതത്തിന്റെ ആരാധകനാണ്, ഭാവിയിൽ ഒരു ചെറിയ കലാകാരനായി കൂടുതൽ പഠിക്കാനും സ്വന്തമായി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും ഒരിക്കൽ കൂടി നന്ദി.എനിക്ക് ഇപ്പോഴും ചില തീർപ്പാക്കാത്ത ജോലികൾ പൂർത്തിയാക്കാനുണ്ട്, അവ ഞാൻ പൂർത്തിയാക്കും. അതിനാൽ ഈ വർഷം നിങ്ങൾക്ക് ചില റിലീസുകൾ പ്രതീക്ഷിക്കാം. ഞാൻ സംഗീതം ചെയ്യുന്നത് നിർത്തുന്നില്ല എന്നത് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു." അരിജിത് പറഞ്ഞവസാനിപ്പിക്കുന്നു.