വർഷങ്ങളായുള്ള താടി മാറ്റിയ മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ക്യാരക്റ്റര്‍ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചു. ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് യൂണിഫോം അണിയുന്ന ചിത്രമാണിത്. പൊലീസ് യൂണിഫോമില്‍ തന്നെയാണ് ആദ്യ ലുക്ക് പോസ്റ്ററും പുറത്തെത്തിയിരിക്കുന്നത്. എന്നാല്‍ അത് വീട്ടകത്തിലുള്ള പൊലീസുകാരനാണെന്ന് മാത്രം. ഓഫീസില്‍ നിന്ന് വീട്ടില്‍ എത്തിയതുപോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് മോഹന്‍ലാലിന്‍റെ കഥാപാത്രം. ഷര്‍ട്ടിന്‍റെ ഇന്‍സര്‍ട്ട് അഴിച്ചിട്ടുണ്ട്, ബൂട്ടുകള്‍ കൈയില്‍ പിടിച്ച്, കാലില്‍ സ്ലിപ്പര്‍ ആണ് ധരിച്ചിരിക്കുന്നത്. ടി എസ് ലവ്‍ലജന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്.
മനുഷ്യ രൂപത്തിലുള്ള ശുദ്ധമായ സ്നേഹം എന്നാണ് അണിയറക്കാര്‍ കഥാപാത്രത്തെ പോസ്റ്ററിനൊപ്പം വിശേഷിപ്പിച്ചിരിക്കുന്നത്. ഇറങ്ങിയ ഉടന്‍ വന്‍ വരവേല്‍പ്പാണ് പോസ്റ്ററിന് ലഭിക്കുന്നത്.വര്‍ഷങ്ങളായി നിലനിര്‍ത്തിയിരുന്ന താടിയുള്ള ഗെറ്റപ്പ് അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി മാറ്റിയിട്ടുണ്ട്. താടി പൂര്‍ണ്ണമായും നീക്കി കട്ടി മീശ വച്ചാണ് പൊലീസ് ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിന്‍റെ കരിയറിലെ 366-ാം ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍ എല്‍ 366 എന്നാണ്. തൊടുപുഴയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദൃശ്യം 3 ന് ശേഷം മോഹന്‍ലാല്‍ വീണ്ടും തൊടുപുഴയിലേക്ക് ചിത്രീകരണത്തിനായി എത്തുകയാണ് ഈ സിനിമയ്ക്ക് വേണ്ടി. നിരവധി വിജയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുളള ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 21-ാമത്തെ ചിത്രം കൂടിയാണിത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ ഒരു പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക.
തരുൺമൂർത്തിയുടെ പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്തു കാണാം