Share this Article
News Malayalam 24x7
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട് കേരളം; തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രം
വെബ് ടീം
4 hours 44 Minutes Ago
1 min read
pm sree

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ ഒപ്പുവെച്ച് കേരളം. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയില്‍ ഒപ്പുവെച്ചത്.ഇതോടെ, തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. സിപിഐ എതിർപ്പ് ഉന്നയിച്ച പദ്ധതിയാണ് സര്‍ക്കാര്‍ ഒപ്പുവെച്ചത്. സിപിഐക്കു പുറമെ, പദ്ധതിയില്‍ ഒപ്പ് വെക്കുന്നതിനെതിരെ ആര്‍ജെഡിയും രംഗത്തെത്തിയിരുന്നു.

അതേ സമയം നാളെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമെന്നും ഈ വിഷയം ചർച്ച ചെയ്യുമെന്നും  സിപിഐ സംസ്ഥാന സെക്രട്ടറി  ബിനോയ് വിശ്വവും പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ് പിഎംശ്രീ പദ്ധതി. പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ എന്ന പേരില്‍ പുതിയ പരിഷ്‌ക്കാരങ്ങളോടെ ആരംഭിച്ച പദ്ധതി ഇന്ത്യയിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കുന്നു. 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയര്‍ത്തുമെന്നാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 27,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.ഓരോ ക്ലാസിലെയും ഓരോ കുട്ടിയുടെയും പഠന ഫലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, എല്ലാ തലങ്ങളിലുമുള്ള വിലയിരുത്തല്‍ സാധ്യമാക്കുക. യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് അറിവ് നല്‍കുക തുടങ്ങിയ മാറ്റങ്ങള്‍ പദ്ധതി വഴി വിദ്യാഭ്യാസ സമീപനത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ പദ്ധതി വിദ്യാര്‍ഥികളെ ഏകീകൃതവും, സമഗ്രവുമായ വ്യക്തിത്വമുള്ളവരാക്കി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് അവകാശപ്പെടുന്നു. പ്രായോഗിക പരിജ്ഞാനവും കഴിവും അടിസ്ഥാനമാക്കിയുള്ളതായിരിക്കും പഠന രീതി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories