കൊല്ലം: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ, കണ്ടെടുത്ത കുറിപ്പിൽ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ ഉൾപ്പെടെ സൂചിപ്പിച്ച് വിവരങ്ങൾ. കൊല്ലം മാടൻനട സ്വദേശി അഫ്സലിന്റെ ഭാര്യ സായ(26)യേയാണ് ശനിയാഴ്ച രാത്രി കിടപ്പുമുറിയുടെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെക്കുറിച്ചുള്ള പരാമർശങ്ങൾക്കൊപ്പം ഭർത്താവിനോടുള്ള സ്നേഹവും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
സ്വർണം പണയംവെച്ച് വായ്പയെടുത്തതിനെക്കുറിച്ചും വാഹനത്തിന്റെ വായ്പ തിരിച്ചടയ്ക്കാനുള്ളതിനേക്കുറിച്ചുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. വായ്പ തിരിച്ചടച്ചശേഷം ബാക്കി തുക വീട്ടുകാർക്ക് നൽകണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.കുട്ടികളില്ലാത്തതിലുള്ള മാനസിക വിഷമവും സായയ്ക്കുണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. ദമ്പതികൾക്കിടയിൽ മറ്റ് കുടുംബപ്രശ്നങ്ങളുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയായിട്ടില്ല. പത്തനാപുരം സ്വദേശിയായ സായയുടെ കുടുംബം ഇപ്പോൾ എറണാകുളത്താണ് താമസം. നാലുവർഷം മുൻപാണ് അഫ്സലുമായി സായയുടെ വിവാഹം നടന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)