കൊല്ലം: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും. പരവൂർ കോങ്ങാൽ സ്വദേശിനി സുനന്ദ മണിരാജനെയാണ് (63) കാണാതായത്. 27 വർഷമായി ലണ്ടനിൽ സ്ഥിരതാമസമാണ് സുനന്ദയും കുടുംബവും. കൈലാസ യാത്രക്കായാണ് ഇവർ നേപ്പാളിലേയ്ക്ക് പോയത്.
ഓഗസ്റ്റ് 22-ാം തീയതിയാണ് സുനന്ദ ഉൾപ്പെട്ട സംഘം ലണ്ടനിൽ നിന്ന് യാത്ര പുറപ്പെട്ടത്. ആൽപൈൻ എക്കോ ട്രെക്ക് എന്ന കമ്പനിക്കൊപ്പമായിരുന്നു യാത്ര ചെയ്തിരുന്നത്. 25ന് ഉച്ചയ്ക്ക് മുമ്പാണ് സുനന്ദയുമായി കുടുംബത്തിന് അവസാനമായി വാട്സാപ്പിലൂടെ ബന്ധപ്പെടാൻ കഴിഞ്ഞത്. അതിർത്തി കടക്കാനായി കാത്തുനിൽക്കുകയാണെന്നായിരുന്നു കുടുംബത്തെ അറിയിച്ചത്. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.റേഞ്ച് പ്രശ്നം മൂലമാണ് സുനന്ദ ബന്ധപ്പെടാതിരുന്നതെന്നാണ് കുടുംബം കരുതിയത്. പിന്നീടായിരുന്നു ദുരന്തവാർത്ത അറിഞ്ഞത്.
പാലം കടക്കാനായി നിന്നപ്പോൾ മിന്നൽ പ്രളയമുണ്ടായെന്നും സംഘത്തെ മുഴുവൻ കാണാതായെന്നുമാണ് ട്രാവൽ ഏജന്റ് അറിയിച്ചതെന്നും കുടുംബം പറയുന്നു. അവസാനമായി ലഭിച്ച വിവരമനുസരിച്ച് അതിർത്തിയിലെ റസുവഗാധി മേഖലയിലായിരുന്നു ഇവർ. നേപ്പാൾ അധികൃതരുടെ കാണാതായവരുടെ പട്ടികയിലും സുനന്ദയുടെ പേര് ഉൾപ്പെട്ടിട്ടുണ്ട്.