തിരുവനന്തപുരത്ത് പതിനാറുകാരൻ കൊല്ലപ്പെട്ട നിലയിൽ. നഗരത്തിലെ ശ്രീകാര്യത്ത് 16 വയസ്സുകാരനും ശ്രീകാര്യം സ്വദേശിയുമായ അഭിരാമിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഭിരാമിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.
ഇന്നലെ മുതൽ അഭിരാമിനെ കാണാനില്ലായിരുന്നു. പെൺകുട്ടിയെന്ന വ്യാജേന ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ചാറ്റ് ചെയ്ത ശേഷമാണ് അഭിരാമിനെ പ്രതികൾ വിളിച്ചുവരുത്തിയത്. തുടർന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ ശ്രീകാര്യം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണവും മറ്റ് വിശദാംശങ്ങളും പോലീസിന്റെ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകൂ.