കരുനാഗപ്പള്ളി: കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആലുംകടവ് മരുന്നൂർകുളങ്ങര തെക്ക് നാട്ടന്നൂർ കിഴക്കതിൽ പ്രശാന്ത്–രാജലക്ഷ്മി ദമ്പതികളുടെ ഏക മകൾ ആർഷ (17) ആണ് മരിച്ചത്.
ഛർദ്ദിയെത്തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് ആർഷയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ കുട്ടിക്ക് ഒരു സിറപ്പ് നൽകിയിരുന്നതായും ഇത് കഴിച്ചതിനു പിന്നാലെ കടുത്ത അസ്വസ്ഥതയും കാഴ്ച മങ്ങുന്ന അവസ്ഥയും ഉണ്ടായതായും ബന്ധുക്കൾ പറയുന്നു.
നില വഷളായതോടെ കുട്ടിയെ ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണു മരണകാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. കുട്ടിയുടെ രക്തസമ്മർദ്ദവും പൾസും ക്രമാതീതമായി താഴേക്കു പോയതാണു നില ഗുരുതരമാക്കിയതെന്നും രക്ഷിക്കാൻ സാധ്യമായ എല്ലാ അടിയന്തര മുൻകരുതലുകളും ചികിത്സയും നൽകിയിരുന്നുവെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.