പത്തനംതിട്ട: സഹോദരനൊപ്പം സ്കൂളിലേക്ക് പോവുകയായിരുന്ന പതിനാലുകാരിയെ അച്ഛന്റെ സുഹൃത്തെന്ന വ്യാജേന തട്ടി കൊണ്ട് പോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പത്തനംതിട്ട പന്തളം സ്വദേശി സദ്ദാം ഹുസൈന് (35) 13 വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നു വർഷം ഒൻപത് മാസം കൂടുതൽ ആയി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണം എന്ന് കോടതി വിധിന്യായത്തിൽ പറയുന്നു.
2025 ജനുവരി 24 തീയതി ആണ് സംഭവം. രാവിലെ 7.45 മണിയോടെ സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന അതിജീവിതയുടെയും സഹോദരന്റെയും അടുത്തേക്ക് ബൈക്കിൽ എത്തിയ പ്രതി കുട്ടികളുടെ അച്ഛന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി സ്കൂളിൽ കൊണ്ട് ചെന്ന് ആക്കാം എന്ന് പറഞ്ഞു ബൈക്കിൽ കയറ്റി . അനുജനെ പകുതി വഴിയിൽ ഇറക്കിയശേഷം ചോക്ലേറ്റ് വാങ്ങിത്തരാം എന്ന് പറഞ്ഞു പെൺകുട്ടിയെ കടയിൽ കൊണ്ടു പോയി. ചോക്ലേറ്റ് വാങ്ങി തിരികെ കൊണ്ട് വന്നു ഒരിടവഴിയിൽ നിർത്തി കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.