ചങ്ങനാശ്ശേരി: പെരുന്ന ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ആന 'പെരുന്ന ശ്രീവള്ളി' ചരിഞ്ഞു. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. 1976 ഒക്ടോബർ 28-ന് സ്‌കന്ദഷഷ്ഠി ദിനത്തിലാണ് ശ്രീവള്ളിയെ ക്ഷേത്രത്തിൽ നടയ്ക്കിരുത്തുന്നത്. മുരുക ഭക്തനായ പുഴവാത് ചിറയിൽ വീട്ടിൽ കമലാസനനാണ് ആനയെ വഴിപാടായി സമർപ്പിച്ചത്.
കോന്നി ആനകൂട്ടിൽ നടന്ന ലേലം വിളിയിലൂടെ 20000 രൂപയ്ക്കാണ് അന്ന് വള്ളി പെരുന്നയിലെത്തിയത്. നാട്ടുകാരുടെയും ഭക്തരുടെയും സ്‌നേഹപരിപാലനയിൽ വളർന്ന ശ്രീവള്ളിയെ പ്രദേശവാസികൾ സ്നേഹത്തോടെ 'വള്ളിയമ്മ' എന്നാണ് വിളിച്ചിരുന്നത്.പെരുന്ന ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എട്ടാം ദിനത്തിൽ സുബ്രഹ്‌മണ്യസ്വാമിയുടെ തിടമ്പേറ്റിയിരുന്നത് ശ്രീവള്ളിയാണ്. എത്ര പേരുള്ള ഗജവീരന്മാർ അണിനിരന്നാലും എട്ടാം ഉത്സവത്തിന് തിടമ്പേറ്റാനുള്ള അവകാശം ശ്രീവള്ളിക്ക് മാത്രമായിരുന്നു.